സ്വാഗതം

എന്റെ ബ്ലോഗ്‌ വായിക്കാന്‍ കാണിച്ച സന്മനസിനു എന്റെ വ്യക്തിപരമായ പേരിലും ഈ ബ്ലോഗിന്റെ പേരിലുമുള്ള ഹൃദയംഗമായ നന്ദി രേഖപ്പെടുത്തുന്നു .. ഇതിനു ആവശ്യത്തിനുള്ള പ്രചാരം കൊടുക്കുക...

2010 സെപ്റ്റംബർ 15, ബുധനാഴ്‌ച

പുതിയ മാമാങ്കം

മാമാങ്കം എന്നാ വാക്ക് മലയാളികള്‍ക്ക് പുതിയതല്ല (ക്ഷമിക്കണം ഞാന്‍ പുതിയ ചെത്ത്‌ പിള്ളേരുടെ കാര്യം അല്ല പറഞ്ഞെ) ഒരിക്കല്‍ ഞങ്ങള്‍ക്ക് സ്കൂളില്‍ മലയാളം സെക്കന്‍റ് പഠിക്കാന്‍ ഉള്ള ഒരു പാഠം തന്നെ ആയിരുന്നു "സര്‍ക്കസും മാമാങ്കവും അത് പോട്ടെ അതല്ലോ നമ്മടെ ചിന്താവിഷയം... അന്ത കാലത്തേ മാമാങ്കം എന്തായാലും തീര്‍ന്നു ഇന്ന് എന്തായാലും അതിന്‍റെ ഒരു പുതിയ പതിപ്പ് ഉണ്ട് .. എന്താണ് ഞാന്‍ ഉദ്ദേശിച്ചത് എന്ന് എന്റെ പ്രിയ വായനക്കാര്‍ക്ക്‌ പിടി കിട്ടി കാണുമല്ലോ.. ഇനിയും പിടി കിട്ടിയില്ലങ്കില്‍ ഞാന്‍ തന്നെ പറയാം... ഞാന്‍ ഉദ്ദേശിച്ചത് നമ്മുടെ എല്ലാ അഞ്ചു വര്‍ഷവും കൂടുമ്പോള്‍ വരുന്ന ഉത്സവം ആയ തിരഞ്ഞെടുപ്പിനെ ആണ്.. ഏതായാലും ഈ രണ്ടു മാമന്കവും തമ്മില്‍ ചില സാമ്യങ്ങള്‍ ഉണ്ട് അതില്‍ പ്രധാനം ആദ്യത്തെ മാമാങ്കത്തില്‍ ജയിക്കുന്നവരെ വീണ്ടും കാണുകയും തോല്‍ക്കുന്നവരെ കാണാതാവുകയും ചെയ്യുമായിരുന്നു എന്നാല്‍ ഇന്ന് നേരെ തിരിച്ചാണ് ഇന്നത്തെ മാമാങ്കത്തില്‍ ജയിക്കുന്നവരെ കാണാന്‍ പാടില്ല തോറ്റവര്‍ പ്രായം കൊണ്ട് ഏതാണ്ട് വിസ കിട്ടാ റായവരയെന്കിലും ഇനി ഒരു അങ്കത്തിനും കൂടെ ഉള്ള ബാല്യം തന്റെ ഉള്ളില്‍ ഉണ്ടെന്നു പ്രഘ്യാപിച്ചു വീണ്ടും ഗതി കിട്ടാത്ത ആത്മാക്കളെ പോലെ മണ്ഡലത്തില്‍ കൂടി നടപ്പ് തന്നെ.. (എന്തായാലും ഒരു കാവലുള്ളത് നല്ലതാ അല്ലെ).. ജയിച്ചവരുടെ കാര്യമോ... അത് ഇതിലും കഷ്ടം ആണ് .. കിലുക്കം സിനിമയില്‍ നമ്മടെ ഇന്നച്ചന് ലോട്ടറി അടിച്ചപോലെ തന്നെ ആണ് ... ജയിച്ചു ഒരു വരവാണ്...ജയിപ്പിച്ച നാട്ടുകാരുടെ അടുത്തേക്ക്... പിന്നെ കൊട്ടക്കണക്കിനു വാഗ്ദാനങ്ങള്‍... എന്നാല്‍ മനസ്സില്‍ പറയുന്നത് വേറെ ആണന്നു മാത്രം.. ("ഞാന്‍ ഇവിടുന്നു പോയാല്‍ നിങ്ങള്‍ ഇവിടെകിടന്നു മൂക്കുകൊണ്ട് ക്ഷ..മ്മ..ത്ത.. വരയ്ക്കും .. അല്ലങ്കില്‍ ഞാന്‍ വരപ്പിയ്ക്കും...) പാവം വോട്ടുചെയ്ത നാട്ടുകാര്‍... തിരിച്ചു വോട്ടു ചെയ്തവരും അപ്പോള്‍ ജയിച്ച പാര്‍ട്ടിയുടെ ആള്‍ക്കാര്‍ ആയി മുദ്രാവാക്യം വിളിക്കും... നമ്മടെ ജയിച്ച കക്ഷിയുടെ വാഗ്ദാനം കേട്ടിട്ട് തിരിച്ചു വോട്ടു ചെയ്തവര്‍ പോലും ഒരു നിമിഷം ഓര്‍ത്തു, തങ്ങള്‍ ചെയ്തത് തെറ്റായി പോയല്ലോ എന്ന്... എന്തായാലും ശരി.. ഒരു തിരഞ്ഞെടുപ്പ് നടന്ന വാര്‍ഡിന്റെ കഥ ഒന്ന് കേട്ട് നോക്കു... എല്ലായിടത്തെയും പോലെ നമ്മുടെ ഈ വാര്‍ഡിലും തിരഞ്ഞെടുപ്പ് നടന്നു വെറും തിരഞ്ഞെടുപ്പല്ല നല്ല തീ പാറിയ മല്‍സരം എല്ലടതെയും പോലെ തന്നെ ഒരാള്‍ ജയിച്ചു മറ്റെയാള്‍ തൊട്ടു ജയിച്ചവന്‍ അങ്ങനെ വിലസി നടന്നു ... തോറ്റവന്‍ വീട്ടില്‍ തന്നെ ഇരുപ്പായി.. വോട്ടു ചെയ്തവര്‍ അവരവരുടെ ജോലിയിലേക്ക് മടങ്ങി.. ഇത് അവര്‍ക്ക് അഞ്ചു വര്ഷം കൂടുമ്പോള്‍ വേള്‍ഡ് കപ്പ്‌ വരുന്നപോലെ ആഖോഷിക്കാന്‍ കിട്ടുന്ന അവസം ആണല്ലോ അതില്‍ കൂടുതല്‍ പ്രാധാന്യം ആരും ഇതിനു കൊടുത്തിരുന്നില്ല അങ്ങനെ ദിവസങ്ങള്‍ ആഴ്ചകള്‍ക്ക് വഴിമാറി... ആഴ്ചകള്‍ മാസങ്ങള്‍ക്ക് വഴിമാറി... അങ്ങനെ നമ്മുടെ വാര്‍ഡില്‍ ചൂടുകാലം വന്നു... കിണറ്റിലെ വെള്ളം ഒക്കെ മെല്ലെ വറ്റി തുടങ്ങി.. ദിവസം മൂന്നും നാലും തവണ കുളിച്ചു കൊണ്ടിരുന്ന നാട്ടിലെ റോമിയോ കുട്ടന്മാരോക്കെ വീട്ടിലെ നിര്‍ബന്ധം കാരണം കുളി ഒരു നേരമാക്കി കുറച്ചു (ബാക്കിയുള്ളത് Rexona Deuodrant നോക്കിക്കോളും) അങ്ങനെ ഇരുന്നപ്പോള്‍ ചാവാറായ പഴയ ഒരു പാര്‍ട്ടിക്കാരന്‍ കാരണവര്‍ അന്ന് സ്മാള്‍ പൊതിഞ്ഞു കൊണ്ടുവന്ന പേപ്പര്‍ നോക്കിയതും കിളവന്റെ ഉള്ളിലോട്ട് കുഴിഞ്ഞിരുന്ന രണ്ടു കണ്ണും പുറത്തേക്കു ഒറ്റ ചട്ടം...മൂപ്പിലാന്‍ പെട്ടന്ന് തന്നെ ഈ പേപ്പറും എടുത്തു പുറത്തേക്കു ഒറ്റ ഓട്ടം...ഓന്ത് മുസലി പവര്‍ തിന്നപോലെയുള്ള ഈ ഓട്ടം കണ്ടിട്ട് അകത്തിരുന്ന അമ്മച്ചി ഒന്ന് സംശയിച്ചു... ഇനി ഇതിയാന്‍ എന്തിനുള്ള പുറപ്പാടാണോ എന്തോ... എന്നാല്‍ സംഗതി അതൊന്നും അല്ലായിരുന്നു... അതിയാന്‍റെ കൈയിലെ പേപ്പര്‍ നമ്മടെ തിരഞ്ഞെടുപ്പില്‍ ജയിച്ച പുള്ളിയുടെ പ്രകടന പത്രിക ആയിരുന്നു... അതില്‍ ഒന്നേ നോക്കിയുള്ളൂ... ആദ്യത്തെ വാഗ്ദാനം തന്നെ ഉണങ്ങി വരണ്ടു കിടന്ന കിളവന്‍റെ ഉള്ളില്‍ മഴ പെയ്യിച്ചു... അത് എന്താന്ന് അറിയാമോ... "പഞ്ചായത്തിലെ ഓരോ വീട്ടിലും.. കുടിവെള്ളം സര്‍ക്കാര്‍ വക.." എന്റെ ദൈവമേ... പോരെ പൂരം... കിളവന്‍ നേരെ വച്ച് പിടിച്ചത് വേറെ എങ്ങോട്ടും അല്ല... പഞ്ചായത്തിലെ.. പ്രധാന പൌരന്മാരുടെ സമ്മേളന സ്ഥലം ആയ കള്ളുഷാപ്പില്‍ തന്നെ... ഊഹം തെറ്റിയില്ല.. എക്സ്പയറി ഡേറ്റ് കഴിയാറായ പഞ്ചായത്തിലെ മുതിര്‍ന്ന പൌരന്മാരുടെ ഒരു നീണ്ട നിര തന്നെ അവിടെ ഉണ്ടായിരുന്നു.. പല സൈസില്‍ പല നിറത്തില്‍...കൈയില്‍ ഒരു തുണ്ട് കടലാസും കൊണ്ട് വന്ന നമ്മടെ മൂപ്പിലനെ എല്ലാവരും ഉത്ഖണ്ടയോടെ നോക്കി... ഓടി വന്നതിന്റെ ക്ഷീണത്തില്‍ നിന്ന നില്‍പ്പില്‍ തന്നെ ഒരു പത്ത് അടിച്ചു... ഒന്ന് ശ്വാസം വലിച്ചു വിട്ടു...(അത് ഇത്തിരി കൂടെ ഉറക്കെ വലിച്ചതായിരുന്നേല്‍ ഒരു തീരുമാനം ആയേനെ)... എന്നിട്ട് പ്രസ്തുത കടലാസ് കഷ്ണം അവിടെ സന്നിഹിതരായിരുന്ന വിശിഷ്ട വ്യക്തികളെ കാണിച്ചു... ഓരോരുത്തരുടെയും മുഖം...പവര്‍കട്ടിന്‍റെ ഇടയ്ക്കു അഞ്ഞൂറിന്‍റെ ബള്‍ബു ഇട്ടപോലെ അങ്ങു പ്രകാശിച്ചു... എന്നാല്‍ ഒരാള്‍ മാത്രം ... ഈ തിരക്കില്‍ നിന്നും ഒഴിഞ്ഞു ഒരു കോണില്‍ ഇരുന്നു...കള്ളുകുപ്പിയെ ഒരു ശത്രു ആയി കണ്ട് അതിലെ കള്ളു മുഴുവന്‍ വലിച്ചു വലിച്ചു കുടിച്ചു കൊണ്ടിരുന്നു... ആരും ഉണ്ടായിരുന്നില്ല... അയാളെ ശ്രദ്ധിക്കാന്‍... അയാള്‍ ഒറ്റയ്ക്കായിരുന്നു... കിളവന്മാരുടെ ആവേശം അയാളുടെ ഉള്ളില്‍ കൂരമ്പു പോലെ ആഴ്ന്നിറങ്ങി... അയാള്‍ സ്വയം ശപിച്ചു... ദേഷ്യം മുഴുവന്‍ കുടിച്ചു തീര്‍ത്തുകൊണ്ടിരുന്നു... അത് മറ്റാരും ആയിരുന്നില്ല... നമ്മടെ തിരഞ്ഞെടുപ്പില്‍ തോറ്റ സ്ഥാനാര്‍ഥി ആയിരുന്നു... കള്ളുഷാപ്പിലെ മീന്കറിയില്‍ നിന്നും കരിയാപ്പില എടുത്തു കളയുന്നപോലെ എല്ലാരും അയാളെ കൈവിട്ടു... പാവം... അത് അങ്ങനെ... എന്തായാലും നമ്മുടെ മുതിര്‍ന്ന പൌരന്മാര്‍ എല്ലാരും കൂടെ ഒരു സുപ്രധാന തീരുമാനം എടുത്തു... നേരെ മെമ്പറെ കാണുക... പദ്ധതി യുദ്ധകാല അടിസ്ഥാനത്തില്‍ നടപ്പാക്കുക... നേരെ വിട്ടു വണ്ടി മെമ്പറുടെ വീട് ലക്ഷ്യമാക്കി..ദേ കാണുന്നു മെമ്പറുടെ വീട്... "മെമ്പറുടെ വീടൊക്കെ ഒന്ന് പുതുക്കിയിട്ടുണ്ടല്ലോ.." കൂട്ടത്തില്‍ ഒരു കമന്റ്‌.. തന്‍റെ പ്രിയപ്പെട്ട വോട്ടര്‍മാരെ കണ്ടതും മെമ്പര്‍ക്കു എന്തെന്നില്ലാത്ത ഒരു ആഹ്ലാദം... വല്ലപ്പോളും ഒരിക്കല്‍ മാത്രം ആണല്ലോ ഇത് സംഭവിക്കുന്നത്... വെളുക്കെ ചിരിച്ചുകൊണ്ട് മെമ്പര്‍.. എല്ലാരേയും സ്വീകരിച്ചു... കുടിക്കാന്‍ ചായ വേണോ എന്ന് ചോദിയ്ക്കാന്‍ മെമ്പര്‍ക്കു പേടി തോന്നി.. കാരണം വേറെ ഒന്നും അല്ല... അകത്തു കിടക്കുന്ന സാധനം പിരിഞ്ഞു വാള് വച്ചാല്‍ മെമ്പര്‍ക്കു പണി കിട്ടും അതുകൊണ്ട് അത് ഒഴിവാക്കി... നമ്മുടെ കക്ഷികള്‍ നേരെ തന്നെ കാര്യത്തിലേക്ക് കടന്നു... സംഭവം കേട്ടതും... മെമ്പറുടെ ഉള്ളില്‍ ഒരു വെള്ളിടി മിന്നി... "ദൈവമേ..ഇങ്ങനെ എന്നെ പരീക്ഷിക്കരുതെ..." മെമ്പര്‍ അറിയാതെ പ്രാര്‍ത്ഥിച്ചു പോയി... എന്തായാലും സംഭവം പുറത്തു കാണിക്കാതെ മെമ്പര്‍ എല്ലാം ശരിയാക്കാം എന്ന് പറഞ്ഞു... മെമ്പറുടെ ഉറപ്പും കൂടെ കിട്ടിയപ്പോള്‍ വന്ന കാരണവന്മാര്‍ സോമാലിയയിലെ പിള്ളേര്‍ ബിരിയാണി കഴിച്ചപോലെ സന്തുഷ്ടരായി.... അന്ന് മൂക്കറ്റം കയട്ടിയിട്ടാണ് എല്ലാരും വീട്ടില്‍ പോയത്.... (സംഭവം സിനിമയില്‍ ആയിരുന്നേല്‍ ഒരു പാട്ടൊക്കെ ആകാമാരുന്നു...) അങ്ങനെ ഒരു ഒന്ന് രണ്ടു ആഴ്ച കടന്നു പോയി.. മെമ്പര്‍ വെള്ളം ചുമന്നോണ്ട് വരും എന്നുകരുതി വായും പൊളിച്ചു ഇരുന്ന അച്ചായന്മാര്‍ക്ക്‌.. ബോറടിച്ചു തുടങ്ങി... വീണ്ടും വച്ച് പിടിച്ചു നേരെ മെമ്പറുടെ വീട്ടിലേക്കു... വീണ്ടും മെമ്പറുടെ ഉറപ്പു... അങ്ങനെ പിന്നേം ഒരു രണ്ടാഴ്ച പോയി... അച്ചായന്മാര്‍ പതിവ് പോലെ വീണ്ടും മെമ്പറെ കാണാന്‍ ചെന്നു... വീണ്ടും മെമ്പറുടെ ഉറപ്പു... അങ്ങനെ എല്ലാം നഷ്ടപെട്ടവായി രോഷം മൊത്തം ഷാപ്പിലെ കള്ളുകുപ്പിയോട് തീര്‍ത്തുകൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ മെല്ലെ തലപൊക്കി വരുന്നു.... അത് മറ്റാരും ആയിരുന്നില്ല... നമ്മടെ തോറ്റ സ്ഥാനാര്‍ഥി ആയിരുന്നു... ആടുന്ന തലയും.. ഉറയ്ക്കാത്ത.. കാലുകളുമായി... നെഞ്ചും വിരിച്ചു നിന്നു..ഒരു ഡയലോഗ്....."അങ്ങനെ... പവനായി.. ശവമായി.... എന്തൊക്കെ ബഹളം ആയിരുന്നു... പഞ്ചായത്ത് കിണര്‍... പൈപ്പ്.. വെള്ളം... ഉലക്കെടെ മൂട്...എല്ലാം പോയില്ലേ..." കേട്ടിരുന്ന കിഴവന്മാര്‍ക്ക് അതുവരെ അടിച്ച കള്ളിന്‍റെ കെട്ടെല്ലാം ഒരു നിമിഷം കൊണ്ട് ചോര്‍ന്നു പോയപോലെ തോന്നി... ചിലരെങ്കിലും അപ്പോള്‍ ചിന്തിച്ചു.. "അന്ന്.. ഈ നായിന്‍റെ മോന് വോട്ടു ചെയ്തതാരുന്നേല്‍ നന്നായേനെ എന്ന് " എന്നിട്ടും കാരണവന്മാര്‍ മെമ്പറെ ഇടയ്ക്കിടെ ശല്യപ്പെടുത്തികൊണ്ടിരുന്നു അങ്ങനെ സംഭവം കുഴപ്പം ആകും എന്ന് തോന്നി... അതുകൊണ്ട് അതുവരെ പഞ്ചായത്ത് മീറ്റിംഗില്‍ ഉറങ്ങിക്കൊണ്ടിരുന്ന മെമ്പര്‍ ആദ്യമായി ഒരു കാര്യം അവതരിപ്പിക്കാന്‍ എഴുനേറ്റു... ഇത് കണ്ടതും മറ്റു മെമ്പര്‍മാര്‍ക്ക് അതിശയം... ഏതായാലും നമ്മടെ മെമ്പര്‍ സംഭവം അവതരിപ്പിച്ചു... ഇത് കേട്ടതും... പ്രസിഡണ്ട്‌ അടക്കം മുതിര്‍ന്ന എല്ലാ മെമ്പര്‍മാരും... "ടിന്റുമോന്‍ തമാശ" കേട്ടപോലെ ചിരിയോടെ ചിരി.... ഇത് കേട്ട് നമ്മടെ മെമ്പര്‍... ഇഞ്ചി തിന്ന മങ്കി പോലെ നിന്നു... ചിരിച്ചതിന്റെ പൊരുള്‍ പിന്നെ ആണ് നമ്മടെ മേമ്പര്‍ക്ക് മനസിലായത്... ഈ പരുപാടി ചെയ്തു കൊടുത്താല്‍ പിന്നെ അടുത്ത തിരഞ്ഞെടുപ്പില്‍ എന്ത് പറഞ്ഞു ജയിക്കും... ആലോചിച്ചപ്പോള്‍ സംഭവം ശരിയാണ്... അങ്ങനെ നമ്മടെ മെമ്പര്‍ ഒരു നാലു നാലര കൊല്ലം ശരിക്കും അങ്ങു ഭരിച്ചു.... അപ്പോളാണ് അടുത്ത തിരഞ്ഞെടുപ്പ് അടുത്ത വിവരം ഭാര്യ പറഞ്ഞത്.... പിന്നെ മെമ്പര്‍ ഒട്ടും വൈകിച്ചില്ല നമ്മടെ വിദഗ്ദ്ധനായ പ്രസിടെന്റിന്റെ അഭിപ്രായം തേടി... മെമ്പറുടെ ചെവിയില്‍ നല്ല ഗമണ്ടന്‍ ഒരു ഉപദേശവും കൊടുത്താണ് നമ്മുടെ പ്രസിഡന്റ്‌ വിട്ടത്.... ആ വര്ഷം ചൂടുകാലത്ത് നമ്മടെ കാരണവന്മാരെല്ലാം പതിവുപോലെ.. പഴയ ഷാപ്പില്‍ ഇരിക്കുന്ന സമയം ഒരു ലോറി കുറെ പ്യ്പു കൊണ്ടുവന്നു പഞ്ചായത്തിന്‍റെ നെഞ്ചത്തോട്ട് മറിച്ചു... പുറകെ കാറില്‍ നമ്മടെ മെമ്പറും... നേരെ ഷാപ്പില്‍ വന്നു മെമ്പറുടെ വക പ്രഖ്യാപനം പഞ്ചായത്തിലെ വെള്ള ക്ഷാമം പരിഹരിക്കാന്‍ ഉള്ള നടപടി സര്‍കാര്‍ ആരംഭിച്ചു...... പാവം കിളവന്മാര്‍... എല്ലാം മറന്നു തുടങ്ങിയ... അവരുടെ മനസിന്റെ ഉള്ളില്‍ വീണ്ടും നാമ്പ് മുളച്ചു.... അങ്ങനെ അങ്ങനെ .. വര്‍ഷങ്ങള്‍ പലതു കടന്നു പോയി അന്നത്തെ കാരണവന്മാര്‍ എല്ലാരും തന്നെ ഇന്ന് ചുവരിലെ ഫോട്ടോ മാത്രം ആയി മാറിയിട്ടും... ഈ പഞ്ചായത്തില്‍ ഇതുവരെ... വെള്ള പ്രശ്നം പരിഹരിക്കപ്പെട്ടിടില്ല... അത് ഒരു മെഗാ സീരിയല്‍ പോലെ ഒരിക്കലും അവസാനിക്കാതെ തുടരുന്നു.....

പ്രിയപ്പെട്ടവരേ നമ്മുടെ മുന്‍പില്‍ ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പുകൂടെ വന്നിരിക്കുന്നു... ഒരു കാര്യം പ്രത്യേകം ഓര്‍ക്കുക.. നമ്മുടെ ഗ്രാമങ്ങളുടെ വികസനത്തിനായി.. എല്ലാ വര്‍ഷവും ഒരു വലിയ തുക തന്നെ കേന്ദ്ര ബട്ജെറ്റില്‍ നീക്കി വയ്ക്കുന്നുണ്ട്... ഈ തുകകള്‍ പല പദ്ധതികളില്‍ കൂടി നമ്മുടെ പഞ്ചായത്തുകളില്‍ കൂടി മാത്രമേ നമുക്ക് ലഭിക്കുകയുള്ളൂ... നമ്മുടെ പഞ്ചായത്ത് ഭരണാധികാരികള്‍ കഴിവുള്ളവര്‍ ആയിരിക്കണം മഹാത്മ ഗാന്ധി പറഞ്ഞത് ഓര്‍ക്കുക... "ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളില്‍ ആണ് സ്ഥിതി ചെയ്യുന്നത്" ഈ ഗ്രാമങ്ങള്‍ സംരക്ഷിക്കാനുള്ള കടമ നമ്മുടെ ഓരോരുത്തരുടെയും ആണ്...അതുകൊണ്ട് രാഷ്ട്രീയത്തിന് അതീതമായി ചിന്തിച്ചുകൊണ്ട് വ്യക്തികളുടെ കഴിവിന്‍റെ അടിസ്ഥാനത്തില്‍.. നമ്മളുടെ ഓരോ വോട്ടും നമുക്ക് നമ്മുടെ രാജ്യത്തിന്‍റെ പുരോഗതിക്കായി.. നമ്മുടെ ഗ്രാമങ്ങളുടെ ഉയര്തെഴുനെല്പ്പിനായി..നല്‍കാം... ഒരു നല്ല നാളെക്കായി..ഒന്നിച്ചു മുന്നോട് നീങ്ങാം



നന്ദി...
സ്വന്തം ലേഖകന്‍.

2010 സെപ്റ്റംബർ 13, തിങ്കളാഴ്‌ച

നശിക്കുന്ന മലയാള ബാല്യങ്ങള്‍

ഈ ബ്ലോഗിന്റെ തലക്കെട്ട്‌ വായിച്ചു ഞെട്ടി പോയോ?.. ഞെട്ടണ്ട ഇത് ഒരു വാസ്തവം ആണ്.. ഇപ്പോളും ഈ ഗള്‍ഫില്‍ ഒരു ഇന്റര്‍വ്യൂ നേരിടാന്‍ ഒരു മലയാളിയും മറ്റൊരു ഇന്ത്യക്കാരനും വന്നാല്‍ മുന്‍ഗണന മലയാളിക്ക് തന്നെ ആണ് (ഇത് എന്റെ സ്വന്തം അനുഭവത്തില്‍ നിന്നും പഠിച്ചതാണ്). കാരണം മറ്റൊന്നും അല്ല മലയാളിക്കു മാത്രമായി അവകാശപ്പെടാവുന്ന ഒരു സ്വകാര്യ അഹങ്കാരം ആണ് അത്.  പച്ച മലയാളത്തില്‍ അത് പറഞ്ഞാല്‍ വീണാല്‍ നാലു കാലില്‍ തന്നെ വീഴുന്ന സ്വഭാവം.. എന്ന് മാത്രമല്ല പ്രതിസന്ധികളെ നേരിടാന്‍ മലയാളികള്‍ക്കുള്ള അത്ര കഴിവ് മറ്റുള്ളവര്‍ക്ക് ഇല്ല.. ഇത് മലയാളികള്‍ക്ക് കേരള നാടിന്‍റെ സമ്മാനം ആയി കിട്ടിയതാണ്.. ദോഷം പറയരുതല്ലോ ഉടായിപ്പിലും നമ്മള്‍ ഒന്നാമത് തന്നെ .. ഇത് പറഞ്ഞപ്പോളാണ് ഒരു കാര്യം ഓര്‍ത്തത്‌ എന്‍റെ ഒരു വടക്കേ ഇന്ത്യക്കാരന്‍ സുഹൃത്ത്‌ ഒരിക്കല്‍ കളിയായി എന്നോട് ഒരു കാര്യം പറഞ്ഞു അതെ മറ്റൊന്നും അല്ല അവരുടെ ഇടയിലെ ഒരു പഴംചോല്ല് ആണ് "ഒരു പാമ്പിനേം മലയാളിയേം ഒന്നിച്ചു കണ്ടാല്‍ ആദ്യം ആ മലയാളിയെ തല്ലി കൊല്ലണം പിന്നെയെ പാമ്പിനെ കൊല്ലാവു" കാരണം മലയാളിക്ക് അല്പം അവസരം കൊടുത്താല്‍ അത് ഒട്ടകത്തിന് തല ചായ്ക്കാന്‍ കൊടുത്തത് പോലെ ആകും. നമ്മളുടെ ഈ കഴിവുകളെ ലോകം അംഗീകരിക്കുമ്പോള്‍ നമുക്ക് ഒരു ചെറിയ അഹങ്കാരം തോന്നും അതെ സ്വാഭാവികം മാത്രം. എന്നാല്‍ ഇന്ന് സ്ഥിതി മാറിക്കൊണ്ടിരിക്കുകയാണ്.. ഇന്ന് ഇന്ന് നാട്ടിന്‍പുറത്തെ വഴികളില്‍ കളിക്കുന്ന കുട്ടികളെ കാണാന്‍ ബുദ്ധിമുട്ടാണ്.. വൈകുന്നേരങ്ങളില്‍ കവലകളില്‍ കൂട്ടമായി വര്‍ത്താനം പറഞ്ഞിരുന്ന കൗമാരക്കാരെ ഇന്ന് ഒരിടത്തും കാണാന്‍ പറ്റുന്നില്ല.. കൂട്ടുകാര്‍ ഒന്നിച്ചു സ്കൂളില്‍ പോകുന്നില്ല അങ്ങനെ പണ്ട് നമ്മുടെ ബാല്യകാലത്ത് നമ്മള്‍ കണ്ടിരുന്ന ഒരു കാഴ്ചയും ഇന്ന് നാട്ടില്‍ ഇല്ല .. ഇന്നത്തെ ബാല്യം ഒരുപാടു മുന്‍പോട്ടു കടന്നു ചിന്തിക്കുന്നു... ആര്‍ക്കും ഒന്നിനും സമയം ഇല്ല.. കുട്ടികള്‍ അവരവരുടെ മൊബൈലില്‍ സംസാരത്തില്‍ മുഴുകി ദിനരാത്രങ്ങള്‍ തള്ളി നീക്കുന്നു.. മാതാപിതാക്കള്‍ ജോലിയുടെ കാര്യത്തില്‍ മുഴുകി ഇരിക്കുന്നു... തങ്ങളുടെ മക്കള്‍ക്കുവേണ്ടി കൂടുതല്‍ കൂടുതല്‍ സമ്പാദിച്ചു അവരെ ഏറ്റവും വലിയവരക്കി തീര്‍ക്കാന്‍ വേണ്ടി രാവും പകലും അധ്വാനിക്കുന്നു... അങ്ങനെ ഇന്നത്തെ മലയാളി കുടുംബങ്ങള്‍ ഒരു വാഹനത്തിന്‍റെ ചക്രങ്ങള്‍ പോലെ ആയി മാറി.. എന്നും ഓട്ടം തന്നെ ഓട്ടം എന്നാല്‍ ചക്രങ്ങള്‍ തമ്മില്‍ തമ്മില്‍ യാതൊരു ബന്ധവും ഇല്ല... അങ്ങനെ ഓടി ഓടി ഒരു ദിവസം ഓട്ടം അവസാനിക്കും.. അതിനു മുന്‍പ് ഓടി വന്ന വഴിയിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ അവിടെ നഷ്ടങ്ങളുടെ കണക്കുകള്‍ മാത്രം... ഇന്ന് കേരളത്തിന്‍റെ ഗ്രാമങ്ങളില്‍ വരര്‍ന്നു വരുന്ന ഒരു തലമുറയെ വളരെ ഞെട്ടലോടെ മാത്രമേ എനിക്ക് കാണാന്‍ കഴിയുന്നുള്ളൂ .. ഒരു കുട്ടിയെ നോക്കിയാല്‍ തന്നെ രാവിലെ സ്കൂളില്‍ പോയാല്‍ അവിടെ മല്‍സരം ആണ് ... പരീക്ഷയില്‍ ഒന്നാമന്‍ ആകാന്‍... അതിനായി അവന്റെ ബുദ്ധി അവന്‍ പുസ്തകങ്ങളിലെ അക്ഷരകൂട്ടുകളില്‍ പണയം വച്ചിരിക്കുന്നു... അവനു മറൊന്നിനെയും പറ്റി ചിന്തിക്കാന്‍ സമയം ഇല്ല... ഇനി സ്കൂളില്‍ നിന്നും വന്നാല്‍ അടുത്ത പരുപാടി TUTION അങ്ങനെ രാത്രി ആകുന്നു ... പിന്നെയും പഠിത്തം തന്നെ.... അങ്ങനെ അവന്റെ ചിന്തയിലും ഒര്മയിലും എല്ലാം ഇത് തന്നെ.... അങ്ങനെ ഒരു ബാല്യം കടന്നു പോകുമ്പോള്‍ അവിടെ അവനു നഷ്ടപെടുന്നത് വിശാലമായി ചിന്തിക്കാനുള്ള ഒരു മനസാണ്.... അത് കിട്ടേണ്ടത് പുസ്തകത്തില്‍ നിന്നും മാത്രം അല്ല ... സമൂഹവുമായുള്ള നേരിട്ടുള്ള ബന്ധത്തില്‍ നിന്നും ആണ്... ഇന്ന് നമ്മുടെ രാജ്യത്തിന്‌ വേണ്ടത് വിശാലമായി ചിന്തിക്കാന്‍ കഴിവുള്ള ചെറുപ്പക്കാരെ ആണ്... നമ്മടെ കുഞ്ഞുങ്ങള്‍ ദൈവം നേരിട്ട് നമ്മുടെ നാടിനു നല്‍കിയിട്ടുള്ള നന്മകളെ അറിഞ്ഞു പ്രകൃതിയുടെ സ്നേഹത്തെ തൊട്ടറിഞ്ഞു ജീവിക്കട്ടെ.. ഇന്ന് സ്കൂളുകളില്‍ മൊബൈല്‍ ഫോണ്‍ നിരോധിച്ചുകൊണ്ടുള്ള കോടതി ഉത്തരവ് കേരളത്തില്‍ നിലവില്‍ ഉണ്ട് എന്നിട്ടും മാതാപിതാക്കള്‍ മക്കള്‍ക്ക്‌ മൊബൈല്‍ ഫോണ്‍ കൊടുത്തു സ്കൂളില്‍ പറഞ്ഞു വിടുന്നു ... കാരണം മറൊന്നും അല്ല മക്കളെ പറ്റിയുള്ള അമിതമായ അധി ആണ്.. അവര്‍ക്ക് ഇന്ന് മൊബൈല്‍ ഇല്ലാത്ത ഒരു അവസ്ഥയെ പറ്റി ചിന്തിക്കാന്‍ പോലും സാധിക്കില്ല ...ശരിയാണ് മാറ്റം ലോകത്തില്‍ ആവശ്യമായ ഒരു സംഗതി ആണ്... എന്നാല്‍ പോലും... ഒരു കാര്യം നമ്മള്‍ വിസ്മരിക്കുന്നു... അട്ടയ്ക്ക് കണ്ണും കുതിരയ്ക്ക് കൊമ്പും ദൈവം കൊടുക്കാഞ്ഞത് അത് ദൈവത്തിന്റെ അടുത്ത് സ്റ്റോക്ക്‌ ഇല്ലാഞ്ഞത് കൊണ്ടല്ല മറിച്ചു അത് അവര്‍ക്ക് ആവശ്യം ഇല്ല എന്ന് ദൈവത്തിനു അറിയമാരുന്നു... ഈ പ്രായോഗിക ബുദ്ധി നാം ഇന്ന് പ്രയോഗിക്കണം... കുഞ്ഞുങ്ങള്‍ക്ക്‌ അവര്‍ അവരുടെ പ്രായത്തില്‍ അര്‍ഹിക്കുന്നത് കൊടുക്കുക .. നമ്മുടെ രാഷ്‌ട്രപതി ആയിരുന്ന ഡോ. എ.പി.ജെ. അബ്ദുല്‍ കലാം സര്‍ ഇതിനെ പറ്റി വിശദമായി തന്നെ എഴുതിയിട്ടുണ്ട് അദ്ദേഹത്തെ പോലെ വിശാലമായ കാഴ്ചപ്പാടുള്ള നേതാക്കന്മാരുടെ വാക്കുകളെ മാനിക്കണം... നമ്മടെ പത്രങ്ങളില്‍ തന്നെ നമുക്ക് മിക്കവാറും എല്ലാ ദിവസവും കാണാന്‍ പറ്റുന്ന ഒരു വാര്‍ത്തയാണ് "കമിതാക്കള്‍ ആത്മഹത്യാ ചെയ്തു" ഇത് ഒരു വലിയ വിപത്താണ് .... ആത്മഹത്യാ ചെയ്യുന്ന കുട്ടികളുടെ പ്രായം എല്ലാം 18ഇല്‍ താഴെ മാത്രം... അത് പോലെ തന്നെ പരീക്ഷയില്‍ തോറ്റതിന് ആത്മഹത്യാ... ഇങ്ങനെ സ്വയം നശിക്കുന്ന ഒരു തലമുറ നമ്മുടെ കണ്മുന്‍പില്‍ വളര്‍ന്നു വരുമ്പോള്‍ അതിന്റെ നേരെ നമ്മള്‍ വിറങ്ങലിച്ചു നോക്കി നില്‍ക്കാതെ എന്തെങ്കിലും ചെയ്യുവാന്‍ ശ്രമിക്കു.... ഒരു നല്ല നാളേക്ക് വേണ്ടി ... ഒരു നല്ല തലമുറയ്ക്ക്  വേണ്ടി... ഒരു മിച്ചു മുന്നോട്ടു നീങ്ങാം...

പോട്ടെടെയ് പോട്ട.....

കാലം പോയ പോക്കെ... എന്തായാലും ഇനിയുള്ള കാലം നമ്മുടെ ആശുപത്രി ജീവനക്കരുടെയും ഡോക്ടര്‍ മാരുടെയും പണി ഒക്കെ വെള്ളത്തില്‍ ആകും എന്ന് തോന്നുന്നു .. കാരണം വേറൊന്നും അല്ല .. അസുഖം എന്ത് തന്നെ ആയാലും നമ്മടെ കരിസ്മാടിക് യോഗം കൂടിയാല്‍ അസുഖം പമ്പ കടക്കും... (ശാസ്ത്രം തോറ്റു) ഡോക്ടര്‍ മാരുടെ ശനി ദശ അല്ലാതെ എന്തു പറയാന്‍... പക്ഷെ എന്ത് തന്നെ ആയാലും ഒരു കാര്യം മറക്കല്ലെ... പ്രസ്തുത ധ്യാന കേന്ദ്രത്തില്‍ ചില പ്രതേക ഡിഗ്രി ഉള്ള ഡോക്ടര്‍ മാരുണ്ട്.. (ഒരു കാര്യത്തില്‍ നമുക്ക് ആശ്വസിക്കാം ഈ ഡോക്ടര്‍ മാര്‍ക്കും വെള്ള കുപ്പായം തന്നെ ആണ് ) അവര്‍ രോഗങ്ങള്‍ക്ക് മരുന്നും തരും ... ഭലം നമ്മടെ സുരാജ് വെഞ്ഞാറമൂട് പറഞ്ഞ പോലെ വന്നാ.... വന്നു.... എന്തായാലും നമ്മുടെ ഒക്കെ ഭാഗ്യം അല്ലാതെ എന്ത് പറയാനാ...
     എന്റെ ഒരു സുഹൃത്തിനോട്‌ ഞാന്‍ ഇതിനെ പറ്റി സംസാരിച്ചപ്പോള്‍ ചില ഞെട്ടിക്കുന്ന വിവരങ്ങള്‍ ആണ് അറിയാന്‍ കഴിഞ്ഞത്... നമ്മടെ ചാലക്കുടി ധ്യാന കേന്ദ്രത്തില്‍ നടക്കുന്ന ചില സംഭവങ്ങള്‍ ഞാന്‍ ഇവിടെ ഒന്ന് ചുരുക്കത്തില്‍ കുറിക്കട്ടെ... എന്റെ സുഹൃത്ത്‌ കുടുംബ സമേതം അവിടെ ധ്യാനം കൂടാന്‍ പോയി.. കാരണം വേറൊന്നും അല്ല  അവിടെ രോഗശാന്തി മൊത്തമായി കൊടുക്കുന്നു എന്നാ വാര്‍ത്ത‍ കേട്ടിട്ട് പോയതാണ് ... എന്തായാലും കൊള്ളാം ... നമ്മടെ കക്ഷി ധ്യാന കേന്ദ്രത്തില്‍ എത്തി ... ചൂണ്ടയില്‍ ഇര കൊളുത്തിയ മീന്പിടുതക്കാരന്റെ സന്തോഷം അവിടെ ഉള്ളവര്‍ക്ക്... പ്രസന്നമായ അന്തരീക്ഷം കണ്ടപ്പോള്‍ നമ്മടെ കക്ഷിക്കും സന്തോഷം ആയി.. അങ്ങനെ അകത്തു കയറി... അകത്തു ചെന്നപ്പോള്‍ സ്ഥിതി കോട്ടയം അയ്യപ്പാസ് പോലെ.. പുറത്തു നിന്ന് കാണുന്ന പോലെ അല്ല ... അകത്തു മുടിഞ്ഞ സെറ്റപ്പ... 10000 വാട്ട്സ് സൌണ്ടില്‍ നല്ല പാട്ട്... പിന്നെ പുട്ടിനു പീര ഇട്ടപോലെ ചില ഹിന്ദു മുസ്ലിം വിശ്വാസികള്‍ (അവരെ അങ്ങനെ വിളിച്ചതില്‍ തെറ്റുണ്ടെങ്കില്‍ എന്നോട് പൊറുക്കുക).. അപ്പോള്‍ നമ്മടെ തോമാച്ചന് (എന്റെ സുഹൃത്ത്‌) ഒരു ആവേശം.. അവന്‍ ചിന്തിച്ചു "ശെടാ... ഇവിടെ ഇവരൊക്കെ വരുമാരുന്നോ.... ഞാന്‍ കുറച്ചു താമസിച്ചോ????" എന്തായാലും കൊള്ളം.. നമ്മടെ പുള്ളി എത്തി (ധ്യാനം നടത്തുന്ന അച്ചന്‍) അച്ചനെ കണ്ടതും പട്ടിണി കിടന്ന പിള്ളാര്‍ക്ക് ചക്ക കൂട്ടാന്‍ കിട്ടിയ പോലെ ഒരു ആക്രാന്തം പിടിച്ച നിലവിളി എല്ലാരും കൂടെ .... നമ്മടെ തോമച്ചനും വിട്ടില്ല തന്നാല്‍ ആവുന്ന പോലെ ഒക്കെ ചെയ്തു... അങ്ങനെ കുറെ കസര്‍ത്തുകള്‍ അവിടെ കാണിക്കുന്നു തോമാച്ചന്‍ ഒന്നിനും ഒരു മടിയും കാണിച്ചില്ല എന്തായാലും കൊള്ളം കുറച്ചു കഴിഞ്ഞു തോമാച്ചന്റെ മേലാകെ ഒരു തരിപ്പ് ... തോമാച്ചന് പാട്ട് പാടണോ .. ചാടാണോ .. ഓടണോ ..എന്താന്ന് അറിയുകേല ... ഒരുതരം വിറയല്... അപ്പോളാണ് തോമാച്ചന്‍ ഓര്‍ത്തത്‌ പണ്ടൊരു പോട്ടക്കാരന്‍ പറഞ്ഞ കാര്യം ഓര്‍ത്തത്‌ ... ഈ വിറയല്‍ ആത്മാവ് കയറുമ്പോള്‍ വരുന്നതനത്രേ... തോമാച്ചന്‍ ഉറപ്പിച്ചു ... ആത്മാവ് കയറി.... പോരെ പൂരം ... തോമാച്ചന്‍ പാടുന്നു... ആടുന്നു... തുള്ളുന്നു... എന്ന് വേണ്ടാ... ചെയ്യാവുന്നതൊക്കെ ചെയ്യുന്നു... അങ്ങനെ തോമാച്ചന്‍ ഈ കസര്‍ത്തുകള്‍ കാണിച്ചു നില്‍ക്കുമ്പോള്‍.. ദാണ്ടെ കിടക്കുന്നു സ്റ്റേജില്‍ നിന്നും അച്ചന്റെ വക ഒരു വമ്പന്‍ സാധനം... അച്ചന്‍ സ്റ്റേജില്‍ നിന്നും വിളിച്ചു പറഞ്ഞു "ദൈവം ദേണ്ടെ ഇവിടെ വന്നു നമ്മടെ ചുവന്ന ഷര്‍ട്ട്‌ ഇട്ട തോമച്ചനെ തൊട്ടു സൌഖ്യം ആക്കുന്നു"   തോമാച്ചന്‍ അത് കേട്ടതും.. ഏതാണ്ട് മോഹപരവശന്‍ ആയി.. തോമാച്ചന്‍ ഏതായാലും ഭാര്യ മറിയാമ്മയോട് നന്ദി പറഞ്ഞു അവളാണല്ലോ വീട്ടില്‍ നിന്നും ഇറങ്ങാന്‍ നേരം ചുവന്ന ഷര്‍ട്ട്‌ എടുത്തു തന്നത്... എന്തായാലും തോമാച്ചന് ഇത് കേട്ട് കഴിഞ്ഞു ആകെ ഒരു വല്ലായ്മ... ഏതാണ്ട് ഒരു ഫുള്ള് ഒറ്റ ഇരുപ്പിനു അടിച്ച പോലെ... എന്തായാലും അന്ന് ധ്യാനം കൂടിയ തോമാച്ചന്റെ നടുവ് വേദന അതോടെ മാറി... (പോവുന്നതിന്റെ അന്നും രാവിലെ കഴിച്ച മരുന്ന് വേസ്റ്റ് ആയി)... ജോലി എന്തിരായാലും ... കൂലി ആണല്ലോ പ്രധാനം... ഇത് ഒരു തോമാച്ചന്റെ മാത്രം കഥയല്ല... കുറെ ഏറെ തോമച്ചന്മാര്‍ നമുക്ക് ചുറ്റും ഇങ്ങനെ ദിവസവും വന്ചിക്കപ്പെടുന്നുണ്ട്‌.. മേല്പറഞ്ഞ സംഭവത്തിലെ  എന്റെ ചിന്തയില്‍ തോന്നുന്ന ചില കച്ചവട രഹസ്യങ്ങള്‍ ഇവിടെ ഞാന്‍ കുറിക്കുന്നു... എന്റെ പ്രിയ സുഹൃത്തുക്കള്‍ ഇത്തരം വഞ്ചനയില്‍ പെടതിരിക്കട്ടെ...

   തോമച്ചനെ പോട്ടയില്‍ എത്തിച്ചത് ഒരു വിശ്വാസം ആണ്.. ഈ വിശ്വാസം എന്നതു ഏതു രോഗവും മാറുവാന്‍ പോന്ന ഒരു മരുന്നാണ്.. ബൈബിള്‍ നോക്കുമ്പോള്‍ ക്രിസ്തു സൌഖ്യം നല്‍കിയപ്പോള്‍ ഒക്കെയും പറയുന്ന ഒരു കാര്യം ഉണ്ട് "നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു" പിന്നെയും പറയുന്നു.. നിനക്ക് കടുകുമണിയോളം വിശ്വാസം ഉണ്ടങ്കില്‍ ഈ മലയോട് നീങ്ങി പോയി കടലില്‍ ചാടുക എന്ന് പറഞ്ഞാല്‍ അത് ചാടും.. അപ്പോള്‍ വിശ്വാസത്തിനു ഒരു വലിയ പ്രാധാന്യം തന്നെ ആണ് ഉള്ളത്... മനശാസ്ത്ര പരമായും ഉറച്ച വിശ്വാസം എന്നത് ഒരു വലിയ ഖടകം തന്നെ ആണ്... തോമാച്ചന്റെ ഉള്ളില്‍ പോട്ടയില്‍ പോയാല്‍ രോഗം മാരും എന്നുള്ള ഒരു വലിയ വിശ്വാസം ഉണ്ടായിരുന്നു... രണ്ടാമതായി പോട്ടയില്‍ അവര്‍ സൃഷ്‌ടിച്ച ഒരു അന്തരീക്ഷം .. 10000 വാട്ട്സ് സൌണ്ടില്‍ ഉള്ള പാട്ടും കൂട്ടത്തോടെ ഉള്ള നിലവിളിയും തോമാച്ചന്റെ മനസ്സില്‍ ഒരു ചലം സൃഷ്ടിച്ചു... (ഈ മനസിന്റെ ചലനത്തെ ആത്മാവിന്റെ പേരില്‍ തെറ്റിദ്ധരിപ്പിച്ച്പണം തട്ടുകയാണ് ഇക്കൂട്ടര്‍ ) ഇതിന്റെ കൂടെ സ്റ്റേജില്‍ നിന്നും ഉള്ള അച്ചന്റെ വക പ്രഖ്യാപനം കൂടെ... ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക... ഇങ്ങനെ ഒരു പ്രഖ്യാപനം നടത്തുന്നതില്‍ ഒരു വാസ്തവവും ഇല്ല എന്ന് മനസിലാക്കണം കാരണം ഏതാണ്ട് 1000 ഇല്‍ പരം ആളുകള്‍ ഉള്ള സ്ഥലത്ത് .. എങ്ങനെ പോയാലും ഒരു തോമാച്ചന്‍ എങ്കിലും കാണും അയാള്‍ ചുവന്നതോ കറുത്തതോ കളര്‍ ഷര്‍ട്ട്‌ ഇട്ടാലും സാരമില്ല ...കൊണ്ടാല്‍ കൊണ്ടു എന്ന് വച്ച് ഒരു ഏറു... ചിലപ്പോള്‍ കൊല്ലും... ഇനി കൊണ്ടില്ലന്കിലും സാരമില്ല ... വന്നിരിക്കുന്ന ആളുകള്‍ പരസ്പരം പരിചയം ഇല്ലാത്തവര്‍ ആയതുകൊണ്ട്... പറയുന്ന അച്ചന് തല്ലു കൊള്ളാതെ രക്ഷപെടാം ...
തോമാച്ചന്റെ കാര്യത്തില്‍ ശരിക്കും സംഭവിച്ചത് ഇത് തന്നെ ആണ്... തോമാച്ചന്‍ കഴിച്ച മരുന്നും പിന്നെ തോമാച്ചന്റെ മനസിന്‍റെ അടിത്തട്ടില്‍ ഉണ്ടായ ഒരു വലിയ ചലനവും ഒന്ന് ചേര്‍ന്നപ്പോള്‍ സംഭവിച്ചതാണ് തോമാച്ചന്റെ രോഗ സൌഖ്യം... അല്ലാതെ അത് വേറെ ഒന്നും തന്നെ അല്ല...
ഞാന്‍ ഈ കാര്യം തോമച്ചനോട് പറഞ്ഞപ്പോള്‍ തോമാച്ചന്‍ പറയുന്നത് അങ്ങനെ അല്ല എന്നാണ് ... ഞാന്‍ ചോദിക്കുന്നത് നീ പോട്ടയിലും മറ്റുള്ള സ്ഥലത്തും പോകാതെ നിന്റെ വീട്ടില്‍ തന്നെ ഇരുന്നു ഈ വിശ്വാസത്തോടെ പ്രാര്‍ത്ഥിച്ചാല്‍ പോരെ... കഴിയുന്നില്ലന്കില്‍ അത് നിന്റെ തന്നെ കഴിവുകേടാണ് ... ദൈവം നിന്‍റെ ഉള്ളില്‍ ഇരിക്കുമ്പോള്‍ ആ ദൈവത്തെ അന്വേഷിച്ചു നീ എത്ര ഓടും.. എവിടെ വച്ച് നീ ആ ദൈവത്തെ കണ്ടെത്തും.... എന്റെ തോമാച്ചാ... നീ ഒരു നിമിഷം ഒന്ന് നില്‍ക്കൂ ഒന്ന് തിരിഞ്ഞു നോക്ക് നീ ദൈവത്തെ അന്വേഷിച്ചു നടന്ന വഴികളിലേക്ക്... നീ ഓട്ടം തുടങ്ങിയടത്ത് ദൈവം നിന്നെ അന്വേഷിച്ചു നില്‍ക്കുന്നുണ്ട്...